പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

സീരി എയിലെ തകർപ്പൻ ഹാട്രിക്കോടെ ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. കാലിയാരിക്കെതിരായ എവേ മത്സരത്തിൽ 10, 25, 32 മിനുട്ടുകളിൽ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ എന്ന റെക്കോർഡ് പോർച്ചുഗീസ് താരം സ്വന്തം പേരിലാക്കിയത്.

“ഇന്ന് ഞാൻ പ്രൊഫഷണൽ കരിയറിലെ 770-ാമത്തെ ഗോൾ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലെയെക്കുറിച്ചാണ്. പെലെയുടെ റെക്കോർഡ് മറികടന്ന് ലോകത്തിലെ ഗോൾ സ്‌കോറിങ് ലിസ്റ്റിലെ മുകളിലെത്തുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മെദീരയിൽ ബാല്യകാലം ചെലവഴിച്ച ഞാൻ ഒരിക്കലും സ്വപ്‌നം കാണാത്ത നേട്ടമായിരുന്നു ഇത്”. ക്രിസ്റ്റ്യാനോ  ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2002-ൽ സ്‌പോർട്ടിങ് ലിസ്ബണിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ കരിയറിലെ വലിയൊരു പ്രതിസന്ധി മുഖത്ത് നിൽക്കുമ്പോഴാണ് വിമർശകരുടെ വായടച്ചു കൊണ്ടുള്ള ഹാട്രിക്കിലൂടെ റെക്കോർഡ് നേട്ടത്തിലെത്തിയത്. 2018-ൽ റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ വന്ന ശേഷം തുടർച്ചയായ മൂന്ന് സീസണുകളിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനപ്പുറം പോകാൻ കഴിഞ്ഞിരുന്നില്ല.

സമകാലീനനായ അർജന്റീനാ താരം ലയണൽ മെസ്സിക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായാണ് 36-കാരനായ ക്രിസ്റ്റ്യാനോയെ ഫുട്ബോള്‍ ലോകം കണക്കാക്കുന്നത്.

Top