കാല്‍പ്പന്ത് കളിയിലെ കേമന്‍ ഇനി ബിഗ്‌സ്‌ക്രീനില്‍ ; സിനിമയില്‍ സജീവമാകുമെന്ന് ക്രിസ്റ്റ്യാനോ

Christiano Ronaldo

മാഡ്രിഡ്: ഫുട്‌ബോള്‍ കരിയറിന് ശേഷം സിനിമയില്‍ സജീവമാകുമെന്ന് വെളിപ്പെടുത്തി റയല്‍ മഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു സൂപ്പര്‍താരം. 32 കാരനായ റൊണാള്‍ഡോയ്ക്ക് റയലുമായി 3 വര്‍ഷത്തെ കരാറാണ് ഇനി ബാക്കിയുള്ളത്.

ഫുട്‌ബോളില്‍ നിന്ന് വിരമിച്ചാലും ജീവിതം സന്തോഷം നിറഞ്ഞതായിരിക്കുമെന്നും, അതൊരിക്കലും പണം കൊണ്ടായിരിക്കില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. ഫുട്‌ബോളില്‍ നിന്ന് വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്നും, കുറച്ച് സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.

‘ എന്റെ ഫുട്‌ബോള്‍ കരിയര്‍ എന്തായാലും ഒരിക്കല്‍ അവസാനിക്കും. നിലവില്‍ ഫുട്‌ബോളില്‍ മാത്രമാണ് എന്റെ ശ്രദ്ധ. എനിക്കറിയാം ജീവിതത്തില്‍ ആ നിമിഷം കടന്നു വരും. അന്നെനിക്ക് ഫുട്‌ബോളില്‍ നിന്ന് വിരമിക്കേണ്ടി വരും. പക്ഷെ ആ നിമിഷത്തെ ഓര്‍ത്ത് എനിക്ക് ഇപ്പോള്‍ വിഷമമില്ല. ഫുട്‌ബോളിലെ ഒരോ നിമിഷവും ഞാന്‍ ഇപ്പോള്‍ ആസ്വദിക്കുകയാണ് ‘ – റൊണാള്‍ഡോ പറഞ്ഞു.

മാത്രമല്ല, ബിസിനസുകാരനാവാന്‍ പഠിക്കണമെന്നാണ് ആഗ്രഹമെന്നും, എന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ രസകരമായ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നവരാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കുന്നു.

2017-ല്‍ കരിയറിലെ അഞ്ചാം ബലോണ്‍ ഡി ഓര്‍ കിരീടം സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം 32-ാം വയസ്സിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Top