വാണിജ്യ- സ്വകാര്യ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവ്: പ്രകാശ് ജാവഡേക്കര്‍

രാജ്യത്ത് വാണിജ്യ- സ്വകാര്യ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഈ വര്‍ഷം ജനുവരിയില്‍ 20,19,253 വാഹനങ്ങളാണ് രാജ്യത്ത് മൊത്തം വിറ്റതെന്നും കഴിഞ്ഞ വര്‍ഷം ജനുവരിയെക്കാള്‍ 2.79 ലക്ഷം കുറവാണിതെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

വാഹനവിപണിയില്‍ വായ്പാ ലഭ്യത കുറഞ്ഞതും സുപ്രീംകോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ ദീര്‍ഘകാല തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കേണ്ടിവരുന്നതും വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്നാണ് മന്ത്രി മറുപടിയില്‍ പറഞ്ഞത്. അതേസമയം വ്യാപാരികളുടെ വായ്പാ ഈട് 25 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തിയതും വാഹനവിപണിയെ പ്രതികൂലമായി ബാധിച്ചതായും മന്ത്രി പറഞ്ഞു.

രാജ്യസഭാംഗം ആര്‍. വൈദ്യലിംഗത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2020 ജനുവരിയില്‍ വാണിജ്യവാഹനങ്ങളില്‍ 14.04 ശതമാനം ഇടിവും
യാത്രാവാഹനങ്ങളില്‍ 6.20 ശതമാനവും ഉള്‍പ്പെടെ മൊത്തം 20.24 ശതമാനത്തിന്റെ ഇടിവുമാണ് സംഭവിച്ചത്.

2020 ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഫെബ്രുവരിയില്‍ മൊത്തം വാഹന വില്‍പ്പന 16,46,332 യൂണിറ്റായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരിയില്‍ ഇത് 20,34,597 യൂണിറ്റായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Top