ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രതിസന്ധി; ഉന്നതതലയോഗം വിളിച്ച് മോദി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം നടത്തി.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

സിക്കിമിലെയും ലഡാക്കിലെയും അതിര്‍ത്തികളിലെ തര്‍ക്കം പ്രതികൂല സാഹചര്യത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് മോദി ഉന്നതതലയോഗം വിളിച്ചത്. പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയത്. അതിര്‍ത്തിയിലെ സാഹചര്യം കരസേന മേധാവി ജനറല്‍ എംഎം നരവനെ പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചിരുന്നു.

മെയ് അഞ്ചിന് ആദ്യ തര്‍ക്കം ഉണ്ടായ ശേഷം ചൈനയുടെയും ഇന്ത്യയുടെയും കരസേനാ വിഭാഗങ്ങള്‍ തമ്മില്‍ ആറ് വട്ടം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് പോലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തരുതെന്ന നിലപാടിലാണ് ചൈന. ചൈനീസ് നിലപാട് സ്വീകാര്യമല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

Top