ഇടുക്കി അണക്കെട്ടില്‍ പ്രതിസന്ധി; ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം പ്രവര്‍ത്തിക്കുന്നില്ല

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വേനല്‍മഴ കനത്താല്‍ വൈദ്യുതോല്‍പ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്താന്‍ സാധിക്കില്ല. മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് സൂചന. അണക്കെട്ടില്‍ ആശങ്കകളില്ലെന്ന് കെഎസ്ഇബി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ജനറേറ്റുകള്‍ പ്രവര്‍ത്തിക്കാത്തത്.

ഇടുക്കി ഡാമിലുള്ളത് ആറ് ജനറേറ്ററുകളാണ്. ഇതില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് മൂന്നെണ്ണം മാത്രമാണ്. മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറികളില്‍ രണ്ട് ജനറേറ്ററുകള്‍ തകരാറിലായി. ഒരെണ്ണം വാര്‍ഷിക അറ്റകുറ്റ പണിയിലാണ്. ഇത് കഴിഞ്ഞ മെയ് പത്തിന് പ്രവര്‍ത്തനക്ഷമമാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അപ്രതീക്ഷിത ലോക്ക് ഡൗണ്‍ പ്രതീക്ഷകളെ മൊത്തം തെറ്റിച്ചു. പൊതുമേഖല സ്ഥാപനമായ അങ്കമാലി ടെല്‍ക്കിനാണ് അറ്റകുറ്റപണിയുടെ ചുമതല. ടെല്‍ക്കില്‍ നിന്ന് ജീവനക്കാര്‍ എത്തിയെന്നും ഈ മാസം അവസാനത്തോടെ പണിപൂര്‍ത്തിയാക്കുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

മറ്റ് ജനറേറ്ററുകളുടെ പുനര്‍നിര്‍മാണത്തിന് വിദേശത്ത് നിന്നാണ് സാമഗ്രഹികള്‍ കൊണ്ടുവരേണ്ടത്. പണിക്കായി ജീവനക്കാര്‍ ഡല്‍ഹിയില്‍ നിന്നും ഹരിയാനയില്‍ നിന്നും വരണം. ഇത് സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ കെഎസ്ഇബി ഇതുവരെ കേന്ദ്രസര്‍ക്കാരുമായി നടത്തിയിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് ഡാമില്‍ ഉണ്ടായിരുന്ന വെള്ളം 19 ശതമാനം മാത്രമായിരുന്നു.

എന്നാല്‍ നിലവിലെ ജലനിരപ്പ് 41 ശതമാനം. മഴ കനത്താല്‍ ഒന്നരമാസത്തിനുള്ളില്‍ ഡാം നിറയും. ഇതൊഴിവാക്കാന്‍ വൈദ്യുതോല്‍പ്പാദനം കൂട്ടണം. ആറ് ജനറേറ്ററുകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ 1.8 കോടി യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കാം. എന്നാല്‍ നിലവിലെ ഉത്പാദനം 87 ലക്ഷം യൂണിറ്റാണ്. മൂന്ന് ജനറേറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് ഉത്പാദനം കുറഞ്ഞത്.

Top