രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം മോദി സര്‍ക്കാരിന്റെ കഴിവുകേട്‌: സോണിയ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളടക്കം രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കഴിവുകേടും തെറ്റായ നയങ്ങളുമാണെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ ഈ വിമര്‍ശനം.

‘ഇന്ത്യയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി, കൊറോണ മഹാമാരിയുടെ വ്യാപനം, ഇപ്പോള്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം. ഈ പ്രതിസന്ധികളുടേയെല്ലാം പ്രധാന കാരണം എന്‍ഡിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവര്‍ പിന്തുടരുന്ന തെറ്റായ നയങ്ങളുമാണ്.’ സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയും ഭയവും അപകടവുമാണ് ഇതിന്റെ പരിണിതഫലമെന്നും അവര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സ്ഥിതിഗതികള്‍ മോശമായി കൈകാര്യം ചെയ്തുവെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ വളരുന്നവെന്നും എന്താണ് വരാനിരിക്കുന്നതെന്ന് അറിയില്ലെങ്കിലും, ഭൂപ്രദേശപരമായ നമ്മുടെ അഖണ്ഡത കാത്തു സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ കര്‍മ്മപരിപാടികള്‍ തീരുമാനിക്കേണ്ടത് പക്വത നിറഞ്ഞ നയതന്ത്രവും കരുത്തുറ്റ നേതൃത്വവുമാണെന്നും സോണിയ പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് മഹാമാരി കൈകാര്യം ചെയ്യുന്ന സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച സോണിയ ഇന്ധനവില വര്‍ധനവിനെതിരേയും പ്രതികരിച്ചു.

Top