ജാതി സെന്‍സസിന്റെ പേരില്‍ കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി; സര്‍ക്കാരിന് സംയുക്ത നിവേദനം നല്‍കി എംഎല്‍എമാര്‍

ബെംഗളൂരു: ജാതി സെന്‍സസിന്റെ പേരില്‍ പ്രതിസന്ധി നേരിട്ട് കര്‍ണാടക. വീണ്ടും ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ സര്‍ക്കാരിന് സംയുക്ത നിവേദനം നല്‍കി. കര്‍ണാടകയില്‍ നിലവിലുള്ള ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പാര്‍ട്ടി ഭിന്നത മറന്ന് സമുദായ ഐക്യം മുന്‍നിര്‍ത്തി എംഎല്‍എമാര്‍ നിവേദനം നല്‍കിയത്.

ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള 49 എംഎല്‍എമാരാണ് സംയുക്ത നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ശാസ്ത്രീയമായി തയ്യാറാക്കിയതല്ലെന്ന് എംഎല്‍മാരുടെ നിവേദനത്തില്‍ പറയുന്നു. പല ആളുകളുടെയും വിവരങ്ങള്‍ വിട്ട് പോയതായി വ്യാപകമായ പരാതികളുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അടക്കമുള്ള വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാരും നിലവിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ടിന് അടിസ്ഥാനമായ വിവരങ്ങള്‍ ശേഖരിച്ചതില്‍ പിഴവുകളുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു.

2017-ലാണ് അന്നത്തെ കര്‍ണാടക സര്‍ക്കാരിന് ജാതി സെന്‍സസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ അതിലെ വിവരങ്ങള്‍ അന്നോ അതിന് ശേഷം ഇതുവരെയോ പുറത്ത് വിട്ടിരുന്നില്ല. പുതിയ ജാതി സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലിംഗായത്ത് – വൊക്കലിംഗ വിഭാഗങ്ങളുടെ പല സംവരണ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയം മറന്ന് സാമുദായിക താത്പര്യം മുന്‍നിര്‍ത്തി എംഎല്‍എമാര്‍ നിവേദനം നല്‍കിയത്. അതേസമയം, സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തിങ്കളാഴ്ച ദില്ലിയില്‍ എത്തും. ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യാത്രയെങ്കിലും സംസ്ഥാനത്ത് വീണ്ടും സജീവമായ ജാതി സെന്‍സസ് പ്രതിസന്ധിയും നേതാക്കള്‍ ചര്‍ച്ച ചെയ്യും.

Top