കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധി; രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം ഉണ്ടായെന്ന് സര്‍വേ ഫലം. നീല്‍സണ്‍ രാജ്യത്തെ 12 നഗരങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ട് പേരും മാര്‍ച്ച്- ജൂണ്‍ മാസക്കാലയളവില്‍ വന്‍ തുക ചെലവാക്കി വീട്ടിലേക്ക് സാധനം വാങ്ങാനോ ദീര്‍ഘയാത്ര പോകാനോ ലക്ഷ്യമിട്ടിരുന്നു.

എന്നാല്‍ 28 ശതമാനം പേരും കൊവിഡ് ഭീതി ഒഴിവായാല്‍ തങ്ങളുടെ പ്ലാനുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. ശേഷിച്ചവര്‍ ഈ പദ്ധതി മാറ്റിവയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്തു. നിക്ഷേപങ്ങള്‍ കൊവിഡിന് മുന്‍പ് 20 ശതമാനമായിരുന്നത് കൊവിഡ് കാലത്ത് 16 ശതമാനമായി ഇടിഞ്ഞു. സമ്പാദ്യം 25 ശതമാനത്തില്‍ നിന്ന് 27 ശതമാനമായി ഉയര്‍ന്നു.

വായ്പാ തിരിച്ചടവുകള്‍ 19 ല്‍ നിന്ന് 18 ശതമാനമായി കുറച്ചു. പ്രതിമാസ വീട്ടുചെലവുകള്‍ 36 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി ഉയര്‍ന്നെന്നും സര്‍വേയില്‍ വ്യക്തമായി. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയ കണ്‍സ്യൂമല്‍ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 34 ശതമാനം വില്‍പ്പന കുറഞ്ഞു. പരമ്പരാഗത വ്യാപാര ശൃംഖലയിലെല്ലാം ഈ ഇടിവുണ്ട്.

Top