യു.ഡി.എഫ് ഇന്ന് അടിയന്തര നേതൃയോഗം ചേരും. വൈകുന്നേരം ഓണ്‍ലൈനയാണ് യോഗം ചേരുക. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന് ബദലായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസിന്റെ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യ അജണ്ടയെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.
കേരള സര്‍ക്കാര്‍ നടത്തിയ കേരളീയം പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷം വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത് കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. അത് സംബന്ധിച്ച ആലോചനകളും ഉണ്ടാവും. പങ്കാളിത്വ പെന്‍ഷന്‍ പുനപരിശോധിക്കാനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് സംബന്ധിച്ച രാഷ്ട്രീയ വിലയിരുത്തലും യോഗത്തില്‍ ഉണ്ടാകും. കളമശേരി സ്‌ഫോടനത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും.
കേരള പിറവി ദിനത്തില്‍ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. പരിപാടിക്കായി കമല്‍ഹാസന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനി എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കും. കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയില്‍ അഭിമാനിക്കുന്ന മനസ് കേരളയീര്‍ക്ക് ഉണ്ടാകണം. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍ നാം അത് തിരിച്ചറിയാറില്ലെന്നും ആ രീതി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പല കാര്യത്തിലും കേരളം മുന്നിലാണെന്ന കാര്യം ഉയര്‍ത്തിക്കാട്ടാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.











