യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മാർച്ച് 25ന് ക്രിമിനൽ വിചാരണ

ന്യൂയോർക്ക് : ബന്ധം രഹസ്യമാക്കി വയ്ക്കുന്നതിനായി രതിചിത്ര നടിക്കു പണം നൽകിയ കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം 25ന് ക്രിമിനൽ വിചാരണ നേരിടും. ക്രിമിനൽ വിചാരണ ഒഴിവാക്കണമെന്ന ട്രംപിന്റെ അപേക്ഷ തള്ളിയ ജസ്റ്റിസ് യുവാൻ മെർച്ചൻ വിചാരണ തീയതി തീരുമാനിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമാണ് യുഎസ് മുൻ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത്.

രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന ബന്ധം പുറത്തുവരാതിരിക്കാൻ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1,30,000 ഡോളർ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിലാണിത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ട്രംപ് ആരോപിക്കുന്നു. ഇത്തരം 4 കേസുകൾ ട്രംപിന്റെ പേരിലുണ്ട്. വരുന്ന നവംബർ 5ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മത്സരത്തിൽ മുന്നിലുള്ള ട്രംപിന് കനത്ത ആഘാതമാണ് കോടതി വിധി.

Top