ക്രിമിനല്‍ നടപടി ബില്‍ ലോക്‌സഭയില്‍ പാസായി; എതിര്‍ത്ത് പ്രതിപക്ഷം, രാജ്യത്തെ മുമ്പോട്ട് നയിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022 ലോകസഭയില്‍ പാസായി. ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ബില്ല് ജനവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ വിമര്‍ശിച്ചു. അതേ സമയം കുറ്റവാളികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

അക്രമികളാല്‍ കൊല്ലപ്പെടുന്നവര്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും മനുഷ്യാവകാശം ഉണ്ട്. ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുന്‍പോട്ട് നയിക്കുന്നതാണെന്ന് അമിത്ഷാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കും. സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നതാണ് ക്രിമിനല്‍ ചട്ട പരിഷ്‌കരണ ബില്ല്. അതിനാവശ്യമായ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തു. ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു.

ബില്ലിലൂടെ തെളിവുകളുടെ ശേഖരണം കൂടുതല്‍ ശക്തിപ്പെടുത്തുകയും അന്വേഷണത്തെ കൂടുതല്‍ സഹായിക്കുകയും ചെയ്യും. ക്രിമിനല്‍ ഭേദഗതി ബില്ല് സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിപുലമായ ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ പഠിച്ചുവെന്നും അമിത് ഷാ സഭയില്‍ വ്യക്തമാക്കി. മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

Top