കേരള പൊലീസ് കുറ്റകൃത്യം നടത്തുന്ന കാര്യത്തിലും മുന്നില്‍ തന്നെ !

തിരുവനന്തപുരം: സംസ്ഥാനത്ത് 772 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ അവസാനിക്കുന്ന മുറയ്ക്ക് പൊലീസ് ആസ്ഥാനത്തു പട്ടിക ക്രമീകരിച്ചപ്പോള്‍ ലഭിച്ച പുതിയ കണക്കാണിത്.

പട്ടികയില്‍ 8 പേര്‍ വനിതകളാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ കൂടുതലുള്ളത് തിരുവനന്തപുരം റൂറലിലാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥര്‍ കുറവ് വയനാട്ടിലാണ്.ഡിവൈഎസ്പി റാങ്ക് മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍വരെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ഞൂറിലധികംപേര്‍ സിവില്‍പൊലീസ് ഓഫിസര്‍മാരാണ്.

കുട്ടികളെ പീഡിപ്പിച്ചവരും സ്ത്രീകളോടു മോശമായി പെരുമാറിയവരും ലൈംഗികപീഡനക്കേസ്, കസ്റ്റഡിമരണക്കേസ്, അടിപിടിക്കേസ്, സ്ത്രീധനക്കേസ് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരും പട്ടികയിലുണ്ട്.ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ട 12 പേരും, പോക്‌സോ കേസില്‍പ്പെട്ട 3 പേരും സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെട്ട 5 പേരുമാണ് പട്ടികയിലുള്ളത്. മറ്റുള്ള കേസുകളുടെ വിവരങ്ങള്‍ ലഭ്യമല്ല.

കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ കണക്ക് ഇങ്ങനെ

തിരുവനന്തപുരം റൂറല്‍(110),തിരുവനന്തപുരം സിറ്റി(84), കൊല്ലം(48), കൊല്ലം റൂറല്‍(42), പത്തനംതിട്ട (35), ആലപ്പുഴ (64), കോട്ടയം(42), ഇടുക്കി(26), എറണാകുളം(50), എറണാകുളം റൂറല്‍(40), തൃശൂര്‍(36), തൃശൂര്‍ റൂറല്‍( 30), പാലക്കാട്(48), മലപ്പുറം(37), കോഴിക്കോട്(18), കോഴിക്കോട് റൂറല്‍(16), വയനാട്(11), കണ്ണൂര്‍(18), കാസര്‍കോട്(17).

ഇതേ രീതിയില്‍ ഒരു വര്‍ഷം മുന്‍പു നടത്തിയ പരിശോധനയില്‍ 59 പൊലീസുകാരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥരെ ഇവരെ പിരിച്ചുവിടണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം ഇതുവരെ നടപ്പിലായിട്ടില്ല. ഇവര്‍ക്കെതിരെ കോടതിയില്‍ കേസുണ്ടെന്നും, അതു തീരുന്നതുവരെ പിരിച്ചു വിടാനാകില്ലെന്നുമാണ് പൊലീസ് നിലപാട്. കമ്മിഷന്‍ നിലപാടു കടുപ്പിച്ചതിനെത്തുടര്‍ന്നു നിയമോപദേശം തേടാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്

Top