സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍; 9 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി പിഴ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിന് ഒമ്പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതി പിഴ ശിക്ഷ വിധിച്ചു. ബിജെപി, കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കാണ് ശിക്ഷ വിധിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം വീതവും മറ്റു പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം വീതവുമാണ് പിഴ വിധിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം നടന്നുകഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിര്‍ദേശിച്ചു.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്താത്ത രാഷ്ട്രീയ കക്ഷികളുടെ ചിഹ്നങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.

 

Top