കേസുകള്‍ പരസ്യപ്പെടുത്തി: രാഹുലിന് അഞ്ച്, തുഷാറിന് ആറ്,സുരേന്ദ്രനെതിരെ 240 കേസുകള്‍

തിരുവനന്തപുരം; ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് പിന്നാലെ വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ബി.ജെ.പി സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, പത്തനംതിട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ എന്നിവര്‍ കേസ് വിവരം സംബന്ധിച്ച പത്ര പരസ്യം നല്‍കി. രാഹുലിനെതിരെ അഞ്ച് കേസുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ രണ്ട് കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചു. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനെതിരെയാണ് രാഹുലിന്റെ അഞ്ച് കേസുകളും.എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആറ് കേസുകളാണ് ഉള്ളത്. ആറ് കേസുകളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും അധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളത് കെ.സുരേന്ദ്രനാണ്. 240 കേസ് വിവരങ്ങളാണ് സുരേന്ദ്രന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. നാല് പേജുകളിലായാണ് പരസ്യം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ കേസുകളുണ്ട്. അധികവും പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്. കൂടാതെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒമ്പതിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളില്‍ വോട്ടടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മൂന്ന് തവണ പരസ്യം നല്‍കിയിരിക്കണം. ടെലിവിഷനില്‍ 7 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നല്‍കേണ്ടത്. ഈ ഉത്തരവ് നടപ്പിലാക്കാന്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്.

Top