പെണ്‍കുട്ടിയെ ആള്‍മാറാട്ടത്തിന് വിധേയയാക്കി; സ്വപ്‌നയ്ക്ക് മുന്‍പേ ക്രിമിനല്‍ പശ്ചാത്തലം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ക്രിമിനല്‍ പശ്ചാത്തലമെന്ന് കണ്ടെത്തല്‍.

എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സില്‍ ജോലി ചെയ്യുമ്പോള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ആള്‍മാറാട്ടത്തിന് വിധേയയാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സര്‍ക്കാരിന്റെ ഐ.ടി ഉദ്യോഗസ്ഥയാണെന്ന വിവരം അന്വേഷണത്തിനിടെ മറച്ചുവയ്ക്കുകയും ചെയ്തു. സ്വപ്ന ഉപദ്രവിച്ചതായി ബന്ധുവായ മറ്റൊരുയുവതി ഒന്നര വര്‍ഷം മുമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു.

2013 മുതല്‍ 2016 വരെ സ്വപ്ന , തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് സര്‍വീസിങ്ങ് കമ്പനിയായ എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സില്‍ എച്ച്. ആര്‍ മാനേജറായിരുന്നു. ആ കാലഘട്ടത്തില്‍ നടത്തിയ ക്രിമിനല്‍ കുറ്റമാണ് പുറത്തായിരിക്കുന്നത്.

എയര്‍ ഇന്ത്യ ഗ്രൗണ്‍ ഹാന്‍ഡ്‌ലിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ എന്‍. എസ്. സിബുവിനെതിരെ 17 പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാജ പീഡന പരാതി നല്‍കി. ഒരു പെണ്‍കുട്ടിയെ വ്യാജ പേരില്‍ അവതരിപ്പിച്ചും 15 പേരുടെ ഒപ്പ് വ്യാജമായി ഇട്ടുമായിരുന്നു പരാതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

മാര്‍ച്ചില്‍ നടന്ന ചോദ്യം ചെയ്യലില്‍ സ്വപ്ന കരഞ്ഞുകൊണ്ട് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് വന്നില്ല. ഈ അന്വേഷണം നേരിടുന്നതിനിടെയാണ് ഐ.ടി വകുപ്പില്‍ നിയമിക്കുന്നത്. ഐ.ടി ഉദ്യോഗസ്ഥയാണന്ന വിവരം ക്രൈംബ്രാഞ്ചില്‍ നിന്ന് മറച്ചുവെച്ച സ്വപ്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലാണ് പെരുമാറിയത്. ഇതിനൊപ്പമാണ് ബന്ധുവായ യുവതി നെയ്യാറ്റിന്‍കര പൊലീസില്‍ നല്‍കിയ പരാതി. പക്ഷെ ഉന്നതര്‍ ഇടപെട്ട് പരാതി ഒതുക്കി പതിവ് പോലെ സ്വപ്നക്ക് സുരക്ഷ ഒരുക്കുകയായിരുന്നു.

Top