കാരക്കോണം മെഡിക്കല്‍ സീറ്റ് കച്ചവടം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റ് കച്ചവടം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കല്‍ കോളേജ് അധികൃതര്‍ നാല് പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. വന്‍തുകയുടെ സാമ്പത്തിക ഇടപാടായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീറ്റ് കച്ചവടം പുറത്തുവന്നതിനെത്തുടര്‍ന്ന് വന്‍ വിവാദമായ സംഭവത്തില്‍ പൊലീസ് അന്ന് കേസെടുത്തിരുന്നതാണ്. എന്നാല്‍ നാളിത് വരെയായി കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിലുണ്ടായിട്ടില്ലെന്നും, അന്വേഷണം കാര്യക്ഷമമല്ലെന്നും കാട്ടിയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതും.

വെള്ളറട പൊലീസാണ് കേസ് നിലവില്‍ അന്വേഷിക്കുന്നത്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. മുന്‍ സിപിഐ സ്ഥാനാര്‍ത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളേജിന്റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്‍ട്രോളര്‍ ഡോ. പി തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Top