ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്‌ക്വാഡുകള്‍ രൂപീകരിക്കാനൊരുങ്ങി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും.

കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഹൈവേ പൊലീസ്, പൊലീസ് സ്റ്റേഷന്‍ പട്രോള്‍ എന്നിവയ്ക്ക് ഇക്കാര്യത്തില്‍ അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്ന പോള്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പോള്‍ ആപ്പ് വഴി പൊലീസിന്റെ 27 തരം സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാണ്. രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവങ്ങള്‍ കൂടി ആപ്പില്‍ വരും. കൊവിഡ് കാലമായതിനാല്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിന്റെ അഭ്യര്‍ത്ഥന.

Top