രാജ്യത്ത് ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവ്

dalith

മുംബൈ:കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെയുള്ള ആക്രമണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ദേശിയ ക്രൈം ബ്യൂറോ റെക്കോര്‍ഡ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എട്ടു മടങ്ങ് (746 ശതമാനം)വര്‍ധിച്ചതായും ആദിവാസികള്‍ക്കെതിരായ ആക്രമണം 12 മടങ്ങോളം (1160 ശതമാനം)വര്‍ധിച്ചതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെയുളള ആക്രമണങ്ങളിലെ പല കേസുകളുടേയും അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

dalith3

പട്ടികജാതി-പട്ടികവര്‍ഗ(പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയായുന്നതിനായി സുപ്രീം കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. കോടതിയുടെ ഈ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ രാജ്യ വ്യാപകമായി പ്രകടനങ്ങള്‍ നടത്തുകയും, ഭാരത ബന്ദിന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ബന്ദില്‍ രാജ്യത്ത് വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദളിത് ആഹ്വാനം ചെയ്ത ബന്ദിനിടെ ബിജെപി പ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആക്രമങ്ങളുടെ തുടര്‍ച്ചയായി ദളിത് എംഎല്‍എമാരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും, 40-ഓളം പേരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

bandhpti970

അതേസമയം കോടതി വിധി പട്ടിക ജാതി/ പട്ടിക വര്‍ഗത്തിന് എതിരല്ലെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നിര്‍ദേശം നല്‍കിയതെന്നും പരാതിയുടെ വിശ്വാസ്യത ആദ്യം പരിഗണിക്കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ യായിരുന്നു കോടതി ഇപ്രകാരം ചോദിച്ചത്.

2001-ലെ ജനസംഖ്യ പ്രകാരം രാജ്യത്ത് 16.6 ശതമാനം (201 ദശലക്ഷം) പട്ടിക വിഭാഗക്കാരാണ് ഉണ്ടായത്. എന്നാല്‍ 2011-ലെ കണക്ക് പ്രകാരം 16.2 ശതമാനമായി കുറഞ്ഞു. അതേസമയം 2001-ലെ ജനസംഖ്യ പ്രകാരം 8.6 (104 ദശലക്ഷം) ആദിവാസികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2011 ആയപ്പോഴേക്കും 8.2 ശതമാനമായി ചുരുങ്ങി.

dalith2

2006-2016 വരെയുള്ള പത്തു വര്‍ഷത്തിനിടെ 4,22,799 കേസുകളാണ് ദളിത് ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളം, ഗോവ,ഡല്‍ഹി, ഗുജറാത്ത് ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, സിക്കിം തുടങ്ങിയ എട്ടു സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. അതേസമയം 81, 322 കേസുകളാണ് ആദിവാസികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2016-ല്‍ ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് മധ്യപ്രദേശിലാണ്. തൊട്ടു പിന്നാലെ ഗോവ, രാജസ്ഥാന്‍, എന്നിങ്ങനെ പോകുന്നു. അതേസമയം ആദിവാസികള്‍ക്കെതിരായ ആക്രമണം ഏറ്റവും കൂടുതല്‍ കേരളത്തിലാണ് നടന്നത്. പിന്നാലെ ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്രപ്രദേശ് എന്നിങ്ങനെ പോകുന്നു റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.അതേസമയം,
പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്നും നിരവധി കേസുകളിൽ ഇപ്പോഴും അന്വേഷണം പൂർണ്ണമായിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Top