സുഹൃത്തിന്റെ ഭാര്യയുമായി രഹസ്യബന്ധം; മുപ്പത്തിരണ്ടുകാരനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഗുരുഗ്രാം ഗഢി ഹര്‍സരൂവിലെ സ്‌കൂളിന് സമീപം യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഗൗരവ് യാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ക്ക് രഹസ്യബന്ധം ഉണ്ടായിരുന്നു. സെക്ടര്‍ 82-ലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗൗരവ് കൊല്ലപ്പെടുന്നത്. പഞ്ചറായിരുന്ന കാറിന്റെ ടയര്‍ മാറ്റുന്നതിനിടെയാണ് കൊലപാതകം എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റൊരു വാഹനത്തില്‍ വന്ന മൂന്നംഗ സംഘമാണ് 32കാരനെ വെടിവെച്ചത്. ഇയാള്‍ അപ്പോള്‍ തന്നെ മരണപ്പെടുകയും ചെയ്തിരുന്നു എന്നും പൊലീസ് പറഞ്ഞു.

ഭാര്യയുമായുള്ള രഹസ്യബന്ധത്തില്‍ സുഹൃത്ത് പ്രകോപിതനായിരുന്നു. തുടര്‍ന്ന് നിരവധി തവണ ഇയാള്‍ താക്കീത് നല്‍കിയരുന്നെങ്കിലും ബന്ധം തുടര്‍ന്നിരുന്നു. ഇത് സഹിക്കാതെ സുഹൃത്തും കൂട്ടാളികളും കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഗൗരവിന്റെ പിതാവും ഇതേ സംശയമാണ് പൊലീസിനെ അറിയിച്ചത്.

അതേസമയം, കൃത്യം നടത്തി സ്ഥലം വിട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സെക്ടര്‍ 10 എ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. സഞ്ജയ് കുമാര്‍ പ്രതികരിച്ചു. രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top