അസാധുവാക്കിയ നോട്ട് മാറി നല്‍കാമെന്ന് പറഞ്ഞ് 60ലക്ഷം തട്ടി; ഗായിക അറസ്റ്റില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് 60ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഗായിക അറസ്റ്റില്‍. ഹരിയാനയിലാണ് സംഭവം നടന്നത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സമയത്ത് പഴയ നോട്ട് മാറി പുതിയ നോട്ട് നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇരുപത്തിയേഴുകാരിയായ ഷിഖ രാഘവാണ് അറസ്റ്റിലായത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഷിഖ പണം തട്ടിയെടുത്തത്.

2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണ് ഷിഖ പാരാമിലിട്ടറി ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. അന്ന് ഷിഖയുടെ സുഹൃത്ത് പവനും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് നോട്ട് അസാധുവാക്കിയ സമയത്ത് പണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളേയും ഇവര്‍ നോട്ട് മാറി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പണവുമായി ഷിഖയും സുഹൃത്തും മുങ്ങുകയായിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പവനെ പോലീസ് പിടികൂടിയെങ്കിലും ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനുശേഷമാണ് കണ്ടെത്തിയത്. ഹരിയാനയില്‍ നിന്ന് പിടിയിലായ ഷിഖയെ ഡല്‍ഹിയില്‍ എത്തിച്ചു.

Top