രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം; പത്രാധിപരെ കൊലപ്പെടുത്തി ജേണലിസ്റ്റ് ട്രെയിനി

crime

മുംബൈ: ലൈംഗിക പീഡനം സഹിക്ക വയ്യാതെ പത്രാധിപരെ കൊലപ്പെടുത്തി ജേണലിസ്റ്റ് ട്രെയിനി. ‘ഇന്ത്യ അണ്‍ബൗണ്ട് ‘ എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായ നിത്യാനന്ദ് പാണ്ഡേയെ (44)യാണ് ട്രെയിനി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു, ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഭിവണ്‍ഡിയിലെ പാലത്തിന് ചുവട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

ചെറുകിട പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബരജീവിതം നയിച്ചിരുന്നയാളാണ് പാണ്ഡേ. മീരാറോഡില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന പാണ്ഡേ മുംബൈയിലെ രാഷ്ട്രീയനേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. രണ്ടുവര്‍ഷമായി പാണ്ഡേ തന്നെ ലൈംഗികമായി ചൂഷണം ചെയ്ത് വരികയാണെന്നും പലവട്ടം അപേക്ഷിച്ചിട്ടും ഉപദ്രവം തുടര്‍ന്നെന്നും കേസില്‍ അറസ്റ്റിലായ യുവതി പൊലീസിനോട് പറഞ്ഞു. സഹികെട്ടപ്പോള്‍ മാസികയുടെ പ്രസാധകന്റെ സഹായത്തോടെ കൊല നടത്തുകയായിരുന്നു.

മയക്കുമരുന്ന് കലര്‍ത്തിയ പ്രോട്ടീന്‍ പൗഡര്‍ വെള്ളത്തില്‍ കലക്കിനല്‍കി. ബോധം നഷ്ടമായ പാണ്ഡേയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു, പിന്നീട് മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Top