നഗ്നനായെത്തി സ്ത്രീകളോട് അതിക്രമവും മോഷണവും; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നഗ്നനായെത്തി സ്ത്രീകളോട് അതിക്രമം കാണിക്കുകയും മോഷണം നടത്തുകയും ചെയ്ത യുവാവിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദശി മുഹമ്മദ് അജ്മലിനെയാണ് പിടികൂടിയത്. കൊവിഡ് 19 ഇളവില്‍ ജയില്‍ മോചിതനായ പ്രതിയാണ് പുറത്തിറങ്ങി ഒരാഴ്ചക്ക് ശേഷം വീണ്ടും പിടിയിലായത്.

കൊയിലാണ്ടിയില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അജ്മല്‍ കൊവിഡ് 19 ഇളവുകളുടെ ഭാഗമായാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് കോഴിക്കോട്ടെത്തിയ പ്രതി നഗരപരിധിയിലെ വിവിധ ആശുപത്രികളിലും വീടുകളിലും ഹോസ്റ്റലുകളിലും എത്തി സ്ത്രീകളോട് ലൈംഗിക വൈകൃതം കാണിക്കുകയും മോഷണം നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ കല്ലായിയിലെ ഒരു വീട്ടില്‍ കള്ളന്‍ കയറിയതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അജ്മല്‍ പിടിയിലായത്. പല സ്ഥലങ്ങളിലും ഇയാള്‍ വിവസ്ത്രനായി എത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്‍വാതില്‍ കുത്തിതുറന്നാണ് വീടിനുള്ളില്‍ കയറിയത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ 24 മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Top