യുവതിയെ ഓടിച്ചിട്ട് കോടാലി കൊണ്ട് വെട്ടി; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഹൈദരാബാദ്: യുവതിയെ ഓടിച്ചിട്ട് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ ഗൗഡ (30) എന്നയാളാണ് മീര്‍പേട്ട് ടീച്ചേഴ്സ് കോളനിയില്‍ താമസിക്കുന്ന വിമല എന്ന യുവതിയെ ക്രൂരമായി ആക്രമിച്ചത്. വീടിന് മുന്നില്‍ കുഞ്ഞിനെയും എടുത്ത് സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന യുവതിയെ സ്‌കൂട്ടറിലെത്തിയ രാഹുല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

കോടാലിയുമായി യുവാവ് ഓടിവരുന്നത് കണ്ട യുവതി കുഞ്ഞുമായി വീടിനകത്തേക്ക് ഓടിയെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് വെട്ടി. പിന്നാലെ മറ്റുള്ളവരെ കോടാലി കാണിച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു. രാഹുലിനെതിരേ പൊലീസില്‍ പരാതി നല്‍കിയതും പ്രേമാഭ്യര്‍ഥന നിരസിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. വിമലയുടെ പരാതിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

 

Top