ഐഎസ്‌ ബന്ധം; കൊല്ലം ചാത്തിനാംകുളം സ്വദേശി നിരീക്ഷണത്തില്‍

കൊല്ലം: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും ( എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടേയും അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീലങ്കന്‍ ചാവേര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിന്റെ സൂഹൃത്ത് കൊല്ലം ചാത്തിനാംകുളം സ്വദേശിയെയും എന്‍ഐഎ സൂഷ്മമായി നിരീക്ഷിക്കുകയാണിപ്പോള്‍.

റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച പല വിവരങ്ങളില്‍ നിന്നാണ് ചാത്തിനാംകുളം സ്വദേശിയെയും നിരീക്ഷിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്നലെ ചാത്തിനാംകുളത്തെ യുവാവിന്റെ കുടംബ വീട് പരിശോധിച്ചപ്പോള്‍ ഇദ്ദേഹം ഗള്‍ഫിലാണെന്ന വിവരമാണ് ലഭിച്ചത്. ഒരു വര്‍ഷം മുമ്പാണ് യുവാവ് ഏറ്റവും ഒടുവിലായി കേരളത്തിലെത്തി മടങ്ങിയത്.കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്ന് വിവാഹം ചെയ്ത ഈ യുവാവ് വിരളമായിട്ടെ കൊല്ലത്ത് വരാറുള്ളുവെന്ന് ബന്ധുക്കള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മൊഴി നല്‍കി.

കൊല്ലം സ്വദേശിയുവാവിന് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. യുവാവിന്റെ ചന്ദനത്തോപ്പിലെ വീട് പരിശോധിച്ച് പാസ്പോര്‍ട്ട് നമ്പര്‍ ശേഖരിച്ച പൊലീസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇന്നലെ തന്നെ വിവരങ്ങള്‍ കൈമാറി. വിദേശത്ത് യുവാവ് താമസിക്കുന്ന സ്ഥലം കണ്ടെത്തി അവിടെ വച്ച് തന്നെ ചോദ്യം ചെയ്യാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നീക്കം.

അതേസമയം റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി വിവരം പുറത്ത് വന്നെങ്കിലും ഈ ഗൂഢാലോചനയില്‍ കൊല്ലം സ്വദേശിക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

Top