പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കോഴിക്കോട് : കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ്. കോർപ്പറേഷൻ അല്ലാതെ മറ്റ് ആളുകൾക്ക് പണം നഷ്ടമായതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷണർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോർപറേഷൻറെ അക്കൌണ്ടിൽ നിന്നും പണം മാനേജർ തട്ടിയെടുത്തുവെന്ന വിവരം പുറത്ത് വന്നത്. ആദ്യം 98 ലക്ഷത്തിന്റെ തിരിമറി നടന്നുവെന്നായിരുന്നു പുറത്ത് വന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ചെന്നൈ സോണൽ ഓഫീസിൽ നിന്നുളള സംഘം ബാങ്കിൽ പരിശോധന തുടരുകയാണ്. വിവിധ അക്കൗണ്ടുകളിൽ നിന്നായി മാനേജർ റിജിൽ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്ന് പഞ്ചാബ് നാഷണൽ ബാങ്കിൻറെ വിലയിരുത്തൽ.

Top