വടകര കസ്റ്റഡി മരണം: ഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും

കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഉത്തരമേഖല ഐജി ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ നൽകണമെന്നാവശ്യപ്പെട്ട് മെഡി. കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. നടപടിക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും

വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ, പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിൻറെ കണ്ടെത്തൽ. എസ് ഐ ഉൾപ്പെടെ പോലീസുകാർക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങൾ കൂടി ഉൾക്കാളളിച്ച റിപ്പോർട്ടാണ് ഐ ജി നൽകുക.

സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്നവർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് നേരിട്ട് മൊഴിയെടുത്തശേഷമാണ് ഐജി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണ് സജീവൻറെ മരണകാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകായാണ് അന്വേഷണ സംഘം. കേസന്വേഷണംഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. സജീവൻറെ നേതൃത്വത്തിലുളള സംഘം, വടകര പൊലീസ് സ്റ്റേഷനിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

ഇന്ന് സാക്ഷികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. തുടർന്നാകും സസ്പെഷൻ നടപടി നേരിടുന്ന എസ് ഐ എം നിജീഷ് , എ എസ് ഐ അരുൺകുമാർ, സിവിൽ പോലീസ് ഓഫിസർ ഗിരീഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുക. പതിനഞ്ചുദിവസത്തിനകം സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് വടകര
പോലീസ് സജീവനെ കസ്റ്റഡിയിലെടുക്കുന്നത്.

 

 

Top