വധ ഗൂഢാലോചന കേസ്; ദിലീപ് അടക്കമുളളവരുടെ ശബ്ദ സാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുളള മൂന്ന് പേരുടെ ശബ്ദ സാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടേത് തന്നെയാണ് സ്ഥിരീകരിക്കുന്നതിനാണ് നടപടി.

ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവാരത്തില്‍ 2017 നവംബര്‍ 15ന് ഉദ്യോഗസ്ഥരെ അപായപ്പെടുന്നുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുതിയത്. ഈ ശബ്ദം പ്രതികളുടെത് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്‌റെ ലക്ഷ്യം.

സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദ സാമ്പിളുകള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും.

അതേസമയം, എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹര്‍ജി സമര്‍പ്പിക്കും. അഭിഭാഷകന്‍ ബി രാമന്‍ പിള്ള മുഖേനെ നാളെ ഹൈക്കോടതിയെ സമീപിക്കും. എഫ് ഐ ആര്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ഉയര്‍ത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോള്‍ നടത്തുന്നുണ്ട്. ഇതില്‍ കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സര്‍ക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കൂ.

 

Top