Crime branch SP Unni Rajan to probe allegation against Sukeshan

തിരുവനന്തപുരം: ബാറുടമ ബിജു രമേശുമായി ഒത്തുകളിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് എസ്.പി സുകേശനെതിരായ അന്വേഷണം നടത്തുന്നത് ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ച എസ്.പി ഉണ്ണിരാജന്‍.

ഒരു സിവില്‍ കേസില്‍ ഇടപെട്ട് യുവാവിനെ അകാരണമായി മര്‍ദ്ദിച്ചെന്ന പരാതിയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലത്തൂര്‍ മജിസ്‌ട്രേറ്റും ഇപ്പോള്‍ എറണാകുളം സിബിഐ കോടതി ജഡ്ജിയുമായ കലാം പാഷ, ഉണ്ണിരാജയെ തടവിന് ശിക്ഷിച്ചിരുന്നത്.

കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് അറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥനെതിരെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്ക് നിരവധികേസുകള്‍ നിലവിലുണ്ട്.

എറണാകുളത്തെ ഒരു പ്രമുഖ ഗുണ്ടാനേതാവിന്റെ അടുത്തുനിന്നും സ്വര്‍ണ്ണം തട്ടിയെടുത്തെന്ന ഗുരുതര ആരോപണവും ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പ് ഉയര്‍ന്നിരുന്നു.

കുന്നംകുളത്ത് ഡിവൈഎസ്പിയായിരിക്കുമ്പോള്‍ അമിത താല്‍പര്യമെടുത്ത് ഒരു ഗള്‍ഫുകാരന്റെ ഭാര്യയുടെ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഈ സംഭവത്തില്‍ നല്ല ‘തിരിച്ചടി’ അനുഭവിക്കേണ്ട ഗതികേടും ഇദ്ദേഹത്തിനുണ്ടായി.

ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനും സിപിഎം നേതാവുമായിരുന്ന വത്സനെ കുത്തിക്കൊന്ന കേസില്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചത് ചോദ്യം ചെയ്തതിന് അബ്ദുള്‍ ഖാദര്‍ എംഎല്‍എക്കെതിരെ
തട്ടിക്കയറാനും ഭീഷണിപ്പെടുത്താനുമാണ് ഉണ്ണിരാജന്‍ ശ്രമിച്ചിരുന്നത്.

കെ.സുധാകരന്‍ താല്‍പര്യമെടുത്ത് കണ്ണൂര്‍ എസ്.പിയാക്കിയ ഉണ്ണിരാജനെ അടുത്തയിടെയാണ് തൃശൂര്‍ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്.

സുകേശനെതിരായ അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെ കൊണ്ട് അന്വേഷിപ്പിക്കാനായിരുന്നു നീക്കമുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ സുകേശന്‍ അന്വേഷിക്കുന്ന വിജിലന്‍സ് കേസില്‍ ശ്രീജിത്ത് പ്രതിയാണെന്നതും മോശം പ്രതിച്ഛായയുമാണ് ഇദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണം.

ഒരു എസ്.പിക്കെതിരായ അന്വേഷണം മറ്റൊരു എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തുന്നതിന്റെ യുക്തി എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഐ.ജിയെ ഏല്‍പ്പിക്കാന്‍ പറ്റാത്തതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ തലസ്ഥാനത്തടക്കം ക്രൈംബ്രാഞ്ചില്‍ കഴിവു തെളിയിച്ച നിരവധി എസ്പിമാരുണ്ടായിട്ടും അവരെ ഒഴിവാക്കി തൃശ്ശൂര്‍ എസ്പിയായ ഉണ്ണിരാജനെ തിരഞ്ഞുപിടിച്ച് കേസന്വേഷിപ്പിക്കുന്നതിന്റെ ഉദ്ദേശശുദ്ധി ദുരൂഹമാണ്. ഐ.ജി ശ്രീജിത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഉണ്ണിരാജന്‍.

ശ്രീജിത്തിനെതിരായ വസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സുകേശനെ പ്രതിരോധത്തിലാക്കാന്‍ ഉണ്ണിരാജന്‍ മുഖേന ഇനി ശ്രീജിത്തിന് കഴിയും.

നിലവില്‍ രണ്ട് ഐ.ജി തസ്തിക,ഡിഐജി തസ്തിക എന്നിവ ക്രൈംബ്രാഞ്ചിലുണ്ടെങ്കിലും തട്ടിപ്പ് കേസില്‍ പ്രതിയായ ശ്രീജിത്തിനെ മാത്രമാണ് ഐ.ജി തസ്തികയില്‍ നിയമിച്ച് ചുമതലകള്‍ കൈമാറിയിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെയും മറ്റ് മൂന്ന് മന്ത്രിമാരെയും കുടുക്കാന്‍ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

2014 ഡിസംബര്‍ 31ന് എറണാകുളത്ത് ചേര്‍ന്ന അസോസിയേഷന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേരു പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചതായും കുറ്റപത്രം നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും ബിജുരമേശ് പറയുന്നതായുള്ള സംഭാഷണങ്ങളാണ് സിഡി പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.

Top