നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിന്റെ മറുപടിയില്‍ വിചാരണാ കോടതിക്ക് അതൃപ്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോർട്ട് തേടി വിചാരണാകോടതി. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയിൽ നിന്ന് ചോർന്നെന്ന പരാതിയിൽ ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കോടതി റിപ്പോർട്ട് തേടിയത്.

കേസിലെ തുടരന്വേഷണ രേഖകൾ രഹസ്യമായി സൂക്ഷണിക്കണമെന്ന നിർദേശം ലംഘിച്ചെന്ന് വിചാരണാ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. രാവിലെ 11 മണിയോടെ ബൈജു പൗലോസ് കോടതിയിലെത്തി വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. ഇതിലാണ് കോടതിക്ക് അതൃപ്തി.

തങ്ങളുടെ കയ്യിൽ നിന്ന് അപേക്ഷ ചോർന്നിട്ടില്ലെന്നാണ് ബൈജു പൗലോസ് കോടതിയിൽ പറഞ്ഞത്. ഒപ്പ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്തിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ക്രൈംബ്രാഞ്ച് എഡിജിപി തന്നെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.

Top