മോന്‍സണ്‍ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടിയെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പണം ചിലവഴിച്ചതിനെ പറ്റി നിലവില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നക്ഷത്ര ഹോട്ടലുകളില്‍ അടക്കം മോന്‍സണ്‍ ചില ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവയുടെ പണമിടപാടും അന്വേഷിക്കുകയാണ്. മോന്‍സന്റെ അടുത്ത സഹായികളുടെ ബാങ്ക് ഇടപാടുകളും അന്വേഷിക്കും. മോന്‍സണ്‍ എഡിഷന്‍, കലിംഗ ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ ഇയാളുടെ പേരിലുണ്ടെങ്കിലും ഇവ വ്യാജമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കമ്പനികളുമായി ബന്ധപ്പെട്ട ഒരു രേഖകളും മോന്‍സന്റെ പക്കലില്ല.

തൃശൂരിലെ വ്യവസായി ജോര്‍ജ് എന്നയാളും കഴിഞ്ഞ ദിവസം മോന്‍സണെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു. മോന്‍സണ്‍ തന്റെ പക്കല്‍നിന്ന് 17 ലക്ഷം രൂപ വാങ്ങിയെന്നും തിരികെ ലഭിച്ചില്ലെന്നുമാണ് പരാതി.

Top