കൂടത്തായി: ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി

വടകര: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി.ചോദ്യം ചെയ്യാനായി അന്വേഷണ സംഘം റാണിയെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

ജോളിയുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ജോളിയും റാണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ജോളിയുടെ ഫോണ്‍ നിറയെ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളുമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജോളി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ ജോളിയുടെ മകന്‍ റോമോ അന്വേഷണ സംഘത്തിന് കൈമാറിയത്.

എന്‍.ഐ.ടി പരിസരത്തുള്ള തയ്യല്‍ക്കടയിലാണ് റാണി ജോലി ചെയ്യുന്നത്. എന്നാല്‍ ഈ തയ്യല്‍ക്കട ഇപ്പോള്‍ ഇല്ല. ഇരുവരും ഒന്നിച്ച് എന്‍.ഐ.ടിയിലെ രാഗം ഫെസ്റ്റിന് പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയും ജോളിയുടെ മൊബൈലില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോട്ടോയില്‍ ജോളി നീല നിറത്തിലുള്ള എന്‍.ഐ.ടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കുന്നതും കാണാം. എന്നാല്‍ പോലീസിന്റെ ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ഒന്നും റാണിയെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താന്‍ ജോളി തയ്യാറായില്ല.

റാണിയെ ചോദ്യം ചെയ്താന്‍ എന്‍.ഐ.ടിയുമായി ബന്ധപ്പെട്ട ജോളിയുടെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷിക്കുന്നത്.

Top