കാസര്‍ഗോട് ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട്: കാസര്‍ഗോട് ഇരട്ടക്കൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആദ്യം കേസിന്റെ അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് നാളെ അപേക്ഷ നല്‍കും.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ ഇരിക്കുകയാണ്.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണ് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം നിയമോപദേശം തേടുകയും ചെയ്തു.

കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി പീതാംബരനെ റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.

Top