അവയവ മാഫിയകള്‍ക്ക് പ്രധാനം വൃക്ക, ദാതാക്കളെ കബളിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തല്‍

Organ_Trade

തിരുവനന്തപുരം: കേരളത്തിലെ അവയവ മാഫിയ 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിലേക്ക് വരെ അവയവം കൈമാറി. വൃക്കയ്ക്ക് വിലയായി നല്‍കിയിരുന്നത് 6 മുതല്‍ 12 ലക്ഷം രൂപ വരെയാണെന്നും പണമൊന്നും നല്‍കാതെ ചില ദാതാക്കളെ കബളിപ്പിച്ചിട്ടുണ്ടന്നും ക്രൈബ്രാഞ്ച് കണ്ടെത്തി.

സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനൊപ്പം നിരക്ഷരരും നിര്‍ധനരുമായ ദാതാക്കളെ ക്രൂര ചൂഷണത്തിന് വിധേയമാക്കിയുമാണ് അവയവ മാഫിയയുടെ പ്രവര്‍ത്തനം. വൃക്ക കൈമാറ്റമാണ് മാഫിയയുടെ പ്രധാന ഇടപാട്. ഇങ്ങനെ അവയവങ്ങള്‍ സ്വീകരിച്ചവരില്‍ മലയാളികള്‍ മാത്രമല്ല തമിഴ്‌നാട്ടുകാരുമുണ്ട്. സ്വീകരിക്കുന്നവരോടും ദാതാക്കളോടും വിലപറഞ്ഞ് ഉറപ്പിക്കുന്നത് ഏജന്റുമാരാണ്.

അവയവ കൈമാറ്റത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിര്‍ധനരുമായവരെയാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ദാതാക്കള്‍ക്കാണു ഡിമാന്റ്. അവര്‍ക്കാണു പണം കൂടുതല്‍ ലഭിക്കുന്നത്. എന്നാല്‍ ആശുപത്രി ചെലവിനപ്പുറം ഒന്നും ലഭിക്കാതെ കബളിപ്പിക്കപ്പെട്ടവരുമുണ്ട്.

തുശൂര്‍ കൊടുങ്ങല്ലൂരിലെ ഒരു കോളനിയില്‍ നിന്നു മാത്രം അഞ്ചിലേറെ വൃക്കദാതാക്കളെ ഇവര്‍ കണ്ടെത്തി. തൃശൂരും എറണാകുളവും ഉള്‍പ്പെടെ മധ്യകേരളത്തിലെ ജില്ലകളില്‍ മാത്രം ദാതാക്കളെ കണ്ടെത്താനും ഇടപാട് ഉറപ്പിക്കാനുമായി പത്തിലേറെ ഏജന്റുമാരുണ്ട്. പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ സംഘങ്ങളുടെ ഭാഗമാണിവരെന്നാണു നിഗമനം.

Top