ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും തുടര്‍ നടപടികളുമാണ് ഹൈകോടതി റദ്ദാക്കിയത്.

പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യമാണോയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിശോധിക്കണം. ഇതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ മുദ്രവെച്ച കവറില്‍ പ്രത്യേക കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അന്ന് വ്യക്തമാക്കിയിരുന്നു.

തെറ്റായ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന ആരോപണം ശരിയാണെങ്കില്‍ ഇത് കോടതി നടപടികളെ കളങ്കപ്പെടുത്തുന്നതും നീതിനിര്‍വഹണത്തെ ബാധിക്കുന്നതുമാണ്. എങ്കിലും ഇത്തരമൊരു സംഭവത്തില്‍ ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണം വേണോയെന്ന് തീരുമാനിക്കേണ്ടതും കോടതിയാണെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ റദ്ദാക്കുകയായിരുന്നു.

 

 

Top