ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കണമെന്ന ആവശ്യവുമായി വിചാരണക്കോടതിയിൽ ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. കേസിലെ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി യുട്യൂബിലൂടെ പരാമര്‍ശം നടത്തിയതിനെ തുടർന്നാണ് നടപടി. ഇക്കാര്യം അന്വേഷണ സംഘം വിചാരണക്കോടതിയെ അറിയിച്ചു. ഇതിനിടെ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ച സമയം നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

നടിയെ അക്രമിച്ച കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ച സമയത്താണ് കേസിൽ തുടരന്വേഷണം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്നും മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ ആരോപിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായും കേസിൽ തിരിച്ചടിയുണ്ടാകാതിരിക്കാനുമായി ശ്രീലേഖയുടെ മൊഴിയെടുക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് എങ്ങിനെയന്നതിലും അന്വേഷണം വേണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറൻസിക് പരിശോധനാ ഫലം. കോടതി അനുമതിയെത്തുടർന്ന് വിചാരണക്കോടതിയിൽ വച്ച് പെൻഡ്രൈവ് ലാപ്ടോപ്പിൽ കുത്തി ദൃശ്യങ്ങൾ കണ്ടുവെന്നാണ് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകന്‍റെ വിശദീകരണം. അങ്ങിനെയെങ്കിൽ മെമ്മറി കാർഡ് മൊബൈൽ ഫോണിലിട്ട് തുറന്നത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം കൂടിയേ തീരുവെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കാൻ സമയം തേടിയത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

Top