ക്രൈംബ്രാഞ്ച് രേഖകള്‍ സിബിഐയ്ക്ക് കൈമാറിയില്ല; ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ ഹൈക്കോടതിയില്‍

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ കൈമാറാന്‍ ഉന്നത തലങ്ങളില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

നേരത്തെ കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ടിരുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍ വിമര്‍ശിച്ചു കൊണ്ടാണ് കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടത്. എന്നാല്‍ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. വിമര്‍ശം ഉന്നയിച്ചിരുന്നു. കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്നായിരുന്നു സി.ബി.ഐയുടെ ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് രേഖകള്‍ കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നിട്ടും രേഖകള്‍ കൈമാറാത്തതിനെത്തുടര്‍ന്നാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഇരുവരുടേയും കുടുംബാങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Top