നിസാം സഹോദരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

നിസാം ഭീഷണി മുഴക്കുന്നു എന്നു ചൂണ്ടിക്കാട്ടി സഹോദരന്‍മാരായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പരിശോധിക്കുന്ന സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അന്വേഷണത്തില്‍ നിസാം ജയിലിനുള്ളില്‍ നിന്ന് വധഭീഷണി മുഴക്കിയെന്ന ആരോപണം വാസ്തവമാണെന്ന് കണ്ടെത്തി.

സംഭവത്തില്‍ തുടരന്വേഷണം നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം.

ഭീഷണിയുണ്ടെന്ന ആരോപണത്തിന് പുറമെ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് നിസാം ക്വൊട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിയുണ്ട്.

പണം കൈമാറ്റം ചെയ്തതിന്റെ ബാങ്ക് രേഖകള്‍ സഹിതമായിരുന്നു ഇവര്‍ പരാതി നല്‍കിയത്.

നിസാം മാനേജിംഗ് പാര്‍ട്ണര്‍ ആയ കമ്പനി നിലവില്‍ നടത്തുന്നത് സഹോദരന്‍മാരാണ്.

നടത്തിപ്പിലെ അതൃപ്തിയും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളും മൂലമാണ് നിസാം സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന.

ജയില്‍ അധികൃതരുടെ ഒത്താശയോടെ സന്ദര്‍ശകരായി എത്തുന്നവരിലൂടെയാണ് ഭീഷണിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

നേരത്തെ, പൊലീസും മുഹമ്മദ് നിസാമിന്റെ ഭീഷണി സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തിയിരുന്നു.

Top