കര്‍ഷക സംഘര്‍ഷം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്; 200 പേരെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. സംഘര്‍ഷത്തില്‍ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് യോഗേന്ദ്ര യാദവിനെതിരായ എഫ്‌ഐആര്‍.

300 ലധികം പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. 8 ബസുകള്‍ക്കും 17 സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ചെങ്കോട്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ടാക്ടര്‍ മാര്‍ച്ചിനിടയിലെ സംഘര്‍ഷം സൃഷ്ടിച്ചവരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാന്‍ സഭ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ചെങ്കോട്ടയില്‍ പ്രതിഷേധിക്കാന്‍ ആലോചന ഇല്ലായിരുന്നുവെന്നും അക്രമത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധവും ചര്‍ച്ചയായിട്ടുണ്ട്. സിദ്ദു നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നു.

Top