മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് 100 ദിവസത്തില്‍ ജനങ്ങള്‍ സ്വതന്ത്രരാകും : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രപതിപക്ഷപാര്‍ട്ടികളെ അണിനിരത്തി സംഘടിപ്പിച്ച മഹാറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്നും കഴിവില്ലായ്മയില്‍ നിന്നും രക്ഷിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ചുള്ള ജനങ്ങളുടെ നിലവിളിയാണ് അതെന്നായിരുന്നു രാഹുലിന്റെ മറുപടി.

പ്രഭോ, സഹായത്തിനായുള്ള നിലവിളികള്‍ -ദശലക്ഷക്കണക്കിന് തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ നിലവിളികള്‍ ആണ്; ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടേയും അടിച്ചമര്‍ത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടേയും പീഡിതരായ ന്യൂനപക്ഷത്തിന്റേതും തകര്‍ന്നടിയുന്ന ചെറുകിട വ്യവസായികളുടേതുമാണ്. നിങ്ങളുടെ സ്വേച്ഛാധിപത്യത്തില്‍ നിന്നും കഴിവില്ലായ്മയില്‍ നിന്നും സ്വതന്ത്രരാകുവാനാണ് അവര്‍ യാചിക്കുന്നത്. 100 ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും, ‘രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്തയില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ചേര്‍ന്ന് രക്ഷിക്കു രക്ഷിക്കൂവെന്ന് നിലവിളിക്കുകയാണെന്നായിരുന്നു മമതയുടെ മഹാറാലിയെ മോദി പരിഹസിച്ചത്. വൈബ്രന്റ് ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

Top