മുംബൈയില്‍ അഞ്ചുകോടിയുടെ ഫ്‌ലാറ്റ് സ്വന്തമാക്കി ക്രിക്കറ്റ് താരം യശസ്വി ജെയ്‌സ്വാള്‍

മുംബൈ: മുംബൈയില്‍ അഞ്ചുകോടിയുടെ ഫ്‌ലാറ്റ് സ്വന്തമാക്കി ക്രിക്കറ്റ് താരം യശസ്വി ജെയ്‌സ്വാള്‍. ബാന്ദ്രയില്‍ കുര്‍ള കോംപ്ലക്‌സില്‍ 5.38 കോടിയ്ക്ക് ജെയ്‌സ്വാള്‍ ഫ്‌ലാറ്റ് സ്വന്തമാക്കിയതായി റിയല്‍ എസ്റ്റേറ്റ് വിവരങ്ങള്‍ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചെറുപ്രായത്തില്‍ തന്നെ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് താരം ഇന്ന് ക്രിക്കറ്റിന്റെ ഉന്നതിയില്‍ എത്തിനില്‍ക്കുന്നത്. പത്താം വയസ്സില്‍ ക്രിക്കറ്റ് മോഹവുമായി ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലേക്ക് വണ്ടികയറിയ ജെയ്‌സ്വാള്‍ ഇന്ന് ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി മുന്നോറുന്നു. ക്രിക്കറ്റ് മോഹവുമായെത്തി, അന്ന് കയറിക്കിടക്കാന്‍ പോലും ഒരിടമില്ലാതെ അലഞ്ഞ അതേ നഗരത്തിലാണ് ഇപ്പോള്‍ ക്രിക്കറ്റിന്റെ നെറുകയിലിരുന്ന് ഒരു വീട് സ്വന്തമാക്കിയിരിക്കുന്നത്.

1,110 സ്‌ക്വയറില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റ്, ജനുവരി 7നായിരുന്നു രജിസ്‌ട്രേഷന്‍ ചെയ്തത്. നിലവില്‍ ഫ്‌ലാറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തന്നെ ഫ്‌ലാറ്റ് താരത്തിന് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top