മുത്തയ്യ മുരളീധരന്‍ രാഷ്ട്രീയത്തിലേക്ക്; ഗവര്‍ണറാകുമെന്ന് അഭ്യൂഹങ്ങള്‍, തമിഴര്‍ കലിപ്പില്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ വിവാദക്കൊടുങ്കാറ്റില്‍. ദൂസ്ര എറിഞ്ഞ് എതിരാളികളെ വിരട്ടിയ മുരളി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്തകളാണ് ദ്വീപ് രാജ്യത്തിലെ തമിഴ് വിഭാഗങ്ങളെ ചൊടിപ്പിക്കുന്നത്. തമിഴര്‍ തിങ്ങിജീവിക്കുന്ന നോര്‍ത്തേണ്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ടെസ്റ്റില്‍ 800 വിക്കറ്റ് വീഴ്ത്തിയ ഈ ലോകകപ്പ് ജേതാവിനെ നിയോഗിക്കുന്നതായുള്ള വാര്‍ത്തകളാണ് വിവാദങ്ങള്‍ക്ക് ഇടയാക്കുന്നത്.

ഇന്ത്യന്‍ തമിഴ് വിഭാഗത്തില്‍ നിന്നുള്ള മുരളി ഇക്കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗോതബായ രജപക്‌സയെ തുറന്ന് പിന്തുണയ്ക്കുന്ന പ്രമുഖ തമിഴ് വംശജനാണ്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട രജപക്‌സയുടെ പ്രസിഡന്‍സിക്ക് കീഴില്‍ പ്രവിശ്യാ ഗവര്‍ണറായി മുത്തയ്യ മുരളീധരന്‍ വരുന്നതായുള്ള വാര്‍ത്തകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്നത്.

2005 മുതല്‍ 2015 വരെ ഗോതബായ പ്രതിരോധ സെക്രട്ടറിയായിരുന്ന കാലത്ത് ഇദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠന്‍ മഹിന്ദ രജപക്‌സെയായിരുന്നു പ്രസിഡന്റ്. ഇക്കാലത്ത് തമിഴ് വംശജര്‍ക്ക് എതിരെ നടന്ന യുദ്ധ കുറ്റകൃത്യങ്ങളില്‍ മുരളി സ്വീകരിച്ച നിലപാടാണ് തമിഴരെ ചൊടിപ്പിക്കുന്നത്. ദ്വീപ് രാഷ്ട്രത്തില്‍ 12% ലങ്കന്‍, ഇന്ത്യന്‍ തമിഴരാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളില്‍ ജോലിക്ക് എത്തിയവരാണ് ലങ്കയിലെ ഇന്ത്യന്‍ തമിഴര്‍.

എന്നാല്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് മുരളിയുടെ നിലപാട്. കൂട്ടക്കൊല നടന്നിട്ടില്ലെന്ന മുരളിയുടെ വാക്കുകളാണ് തമിഴരെ നിരാശപ്പെടുത്തുന്നതും, രോഷാകുലരാക്കുന്നതും. രജപക്‌സെയുടെ നല്ല പുസ്തകത്തില്‍ ഇടംപിടിക്കാനാണ് മുരളിയുടെ ശ്രമമെന്നാണ് ആരോപണങ്ങള്‍. അതേസമയം വാര്‍ത്ത പുറത്തുവിട്ട് ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുകയാണ് രജപക്‌സെയെന്നാണ് കരുതുന്നത്. ഗവര്‍ണര്‍ പദവിക്ക് പകരം അംബാസിഡര്‍ പദവിയും പരിഗണനയിലുണ്ട്.

Top