അമിതവേഗത തുടര്‍ക്കഥ; ക്രിക്കറ്റ് ഇതിഹാസത്തിന് ഡ്രൈവിങ് വിലക്ക്

മിത വേഗതയില്‍ വാഹനമോടിച്ചതിന് ക്രിക്കറ്റ് താരത്തിന് വിലക്ക് കല്‍പ്പിച്ച് ബ്രിട്ടന്‍. ഓസ്‌ട്രേലിയന്‍ സ്പിന്നിങ് ഇതിഹാസം ഷെയ്ന്‍ വോണിനാണ് ഒരു വര്‍ഷത്തേക്ക് ബ്രിട്ടീഷ് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആറു തവണയാണ് അമിതവേഗതയ്ക്ക് വോണ്‍ പിടിക്കപ്പെട്ടത്. അഞ്ചു തവണ വേഗപരിധി ലംഘിച്ചതിന് നേരത്തെ തന്നെ വോണിന് ലൈസന്‍സില്‍ 15 പെനാല്‍റ്റി പോയിന്റുകളുണ്ടായിരുന്നു. ഓവര്‍സ്പീഡിന് തുടര്‍ച്ചയായി പിടിക്കപ്പെട്ടതോടെയാണ് താരത്തിന് വിലക്ക് വീണത്. കുറ്റം വോണ്‍ കോടതിയില്‍ സമ്മതിച്ചു. വിലക്കിനോടൊപ്പം 1,845 യൂറോ (ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും നല്‍കണം.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ രണ്ടാമത്തെ താരമാണ് ഷെയിന്‍ വോണ്‍. 1992 മുതല്‍ 2007 വരെ നീണ്ടുനിന്ന കരിയറില്‍ 708 വിക്കറ്റുകളാണ് വോണ്‍ എറിഞ്ഞിട്ടത്. 145 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോള്‍ പടിഞ്ഞാറന്‍ ലണ്ടനിലെ സ്ഥിരതാമസക്കാരനാണ് അന്‍പതുകാരനായ വോണ്‍.

Top