ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ താരം മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

അമ്പാട്ടി റായിഡു കഴിഞ്ഞയാഴ്ച രണ്ട് തവണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റായിഡു രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തെരഞ്ഞെടുപ്പില്‍ റായിഡുവിനെ മത്സരിപ്പിക്കാനാണ് ജഗന്‍മോഹന്‍ റെഡ്ഡി തീരുമാനിച്ചിരിക്കുന്നതെന്നും എന്നാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റായിഡു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പൊന്നൂരില്‍ നിന്നോ ഗുണ്ടൂര്‍ വെസ്റ്റില്‍ നിന്നോ മത്സരിപ്പിക്കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മറുവശത്ത്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മച്ചിലിപട്ടണം സീറ്റാണ് അദ്ദേഹത്തിന് ഏറ്റവും മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നത്.

37 കാരനായ റായിഡു 55 ഏകദിനങ്ങളിലും 6 ടി20 കളിലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 47.05 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും സഹിതം 1694 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ മൂന്ന് വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20 യില്‍ കാര്യമായ പ്രകടനം നടത്താന്‍ റായിഡുവിന് കഴിഞ്ഞിട്ടില്ല. ആറ് മത്സരങ്ങളില്‍ നിന്ന് 42 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്നു അദ്ദേഹം. തന്റെ ഐപിഎല്‍ കരിയറില്‍ 204 മത്സരങ്ങള്‍ കളിച്ച റായിഡു ഒരു സെഞ്ചുറിയും 22 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4332 റണ്‍സ് നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ വര്‍ഷം അഞ്ചാം ഐപിഎല്‍ കിരീടം ഉയര്‍ത്തിയതിന് പിന്നാലെയാണ് റായിഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

Top