ക്രിക്കറ്റ് ലോകകപ്പ് വിരാട് കോലിക്ക് കന്നി വിക്കറ്റ്

ക്രിക്കറ്റ് ലോകകപ്പ് കരിയറില്‍ വിരാട് കോലിക്ക് കന്നി വിക്കറ്റ്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കോലി തന്റെ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന നെതര്‍ലന്‍ഡ്‌സിന് 38 ഓവറില്‍ 173 റണ്‍സെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. കോലിക്കൊപ്പം ബുംറ, കുല്‍ദീപ്, ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ഉണ്ട്.

ഇന്നിംഗ്‌സിന്റെ 25ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ലെഗ് സൈഡില്‍ വൈഡാകുമായിരുന്ന പന്തില്‍ ബാറ്റ് വച്ച എഡ്വാര്‍ഡ്‌സിനെ രാഹുല്‍ സമര്‍ത്ഥമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. 2014ല്‍ കിവീസ് താരം ബ്രെണ്ടന്‍ മക്കല്ലമിന്റെ വിക്കറ്റ് നേടിയതിനു ശേഷം ഇതാദ്യമായാണ് കോലി ഏകദിനത്തില്‍ വിക്കറ്റ് സ്വന്തമാക്കുന്നത്. ശുഭ്മന്‍ ഗില്ലും സൂര്യകുമാര്‍ യാദവും രണ്ട് ഓവര്‍ വീതം എറിഞ്ഞെങ്കിലും ഇരുവര്‍ക്കും വിക്കറ്റൊന്നും ലഭിച്ചില്ല, ഗില്‍ രണ്ട് ഓവറില്‍ 11 റണ്‍സും സൂര്യ 17 റണ്‍സും വഴങ്ങി. മൂന്ന് ഓവര്‍ എറിഞ്ഞ കോലി 13 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

Top