ചരിത്രം മാറ്റി വനിത; 30 വർഷത്തെ സച്ചിന്റെ റെക്കോർഡ് മറികടന്ന് പതിനഞ്ചുകാരി

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരായ വനിതാ ട്വന്റി 20 മത്സരത്തില്‍ 31 പന്തില്‍ 50 റണ്‍സടിച്ച് പതിനഞ്ചുകാരി ഷെഫാലി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അര്‍ദ്ധസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരി എന്ന നേട്ടവും ഷെഫാലിക്ക് സ്വന്തം.

30 വര്‍ഷം പഴക്കമുള്ള സച്ചിന്‍ തെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് റെക്കോഡാണ് പതിനഞ്ചുകാരി മറികടന്നത്.

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 84 റണ്‍സിന് ജയിച്ചു. സ്‌കോര്‍, ഇന്ത്യ 20 ഓവറില്‍ നാലിന് 185, വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ഒമ്പതിന് 101 ആണ്. ആകെ 49 പന്തില്‍ 73 റണ്‍സടിച്ച ഷെഫാലി, വനിതാ ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിലും പങ്കാളിയായി. ഷെഫാലി – സ്മൃതി മന്ഥാന സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 15.3 ഓവറില്‍ 143 റണ്‍സും സ്മൃതി മന്ഥാന 11 ബൗണ്ടറികള്‍ സഹിതം 46 പന്തില്‍ 67 റണ്‍സുമാണ് എടുത്തത്.

അന്താരാഷ്ട്ര തലത്തില്‍ ആദ്യ അര്‍ധസെഞ്ചുറി നേടുമ്പോള്‍ സച്ചിന് 16 വയസ്സും 214 ദിവസവുമായിരുന്നു പ്രായം. എന്നാൽ ഹരിയാണക്കാരിയായ ഷെഫാലി പതിനഞ്ച് വയസ്സും 285 ദിവസവും പ്രായമായപ്പോഴാണ് ഈ നേട്ടമുണ്ടായിരിക്കുന്നത്.

Top