രണ്ടാം ഏകദിനത്തിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കില്ല

ന്യൂഡല്‍ഹി: രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കില്ല. രണ്ടാം ഏകദിനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഘത്തിനൊപ്പം പന്ത് പിന്നീട് ചേരുമെന്ന് ബി.സി.സി.ഐ അറിയിക്കുകയും ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പന്തിന് പരിക്കേറ്റിരുന്നു. 44-ാം ഓവറില്‍ ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് കണ്‍കഷന്‍ നേരിട്ട പന്ത് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം കെ.എല്‍. രാഹുലാണ് വിക്കറ്റ് കീപ്പറായിരുന്നത്.

ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പന്ത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

Top