ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറി; ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയ ക്രിക്കറ്റ് താരങ്ങളെ ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) തിരിച്ചയച്ചതായി റിപ്പോര്‍ട്ട്.

ഡല്‍ഹി അണ്ടര്‍-23 താരങ്ങളായ കുല്‍ദീപ് യാദവും ലക്ഷയ് തരേജയുമാണ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. സി.കെ നായുഡു ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തിനായി കൊല്‍ക്കത്തയില്‍ ടീമിനൊപ്പം എത്തിയതായിരുന്നു ഇവര്‍.

സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച്ച തുടങ്ങിയ മത്സരത്തില്‍ ഇരുവരേയും കളിപ്പിക്കുന്നില്ല. രണ്ടു പേരെയും ഡല്‍ഹിയിലേക്ക് തിരിച്ചയിച്ചിട്ടുണ്ട്.

വലിയ തെറ്റാണ് ഇരുവരും ചെയ്തതെന്ന് ഡി.ഡി.സി.എയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഹോട്ടല്‍ ജീവനക്കാരി താമസിക്കുന്ന മുറിയുടെ അടുത്തെത്തി വാതിലില്‍ മുട്ടുകയായിരുന്നു. ഇത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

ഡല്‍ഹിക്കായി ഒരു ലിസ്റ്റ് എ മത്സരം കളിച്ച തരേജ ആ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും നേടി. അതേസമയം പേസ് ബൗളറായ കുല്‍ദീപ് ഡല്‍ഹിയുടെ അടുത്ത രഞ്ജി മത്സരത്തില്‍ കളിക്കാനായി കാത്തിരിക്കുകയായിരുന്നു.

Top