ക്രിക്കറ്റ് താരം സന്ദീപ് വാരിയറും രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരം ആരതിയും വിവാഹിതരായി

തൃശൂര്‍: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാരിയര്‍ വിവാഹിതനായി. രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരം ആരതി കസ്തൂരിരാജാണ് വധു. തൃശൂര്‍ എരവിമംഗലം സ്മൃതിയില്‍ ശങ്കരന്‍കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ് പേസ് ബോളറായ സന്ദീപ്. ചെന്നൈ അണ്ണാനഗര്‍ സ്വദേശികളായ സി. കസ്തൂരിരാജിന്റെയും ഡോ. മാലാ രാജിന്റെയും മകളാണ് ആരതി.

ഇന്ത്യ ‘എ’ ടീമില്‍ അംഗമായ സന്ദീപ്, എട്ടുവര്‍ഷമായി രഞ്ജി ട്രോഫി ടീമിലുണ്ട്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും കളിച്ചു. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ റെഡ് ടീമിലും സന്ദീപ് അംഗമാണ്.

ആരതിയും കായിക മേഖലയില്‍ കഴിവു തെളിയിച്ചയാളാണ്. ബെല്‍ജിയത്തില്‍ നടന്ന യൂറോപ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനം നേടിയ താരമാണ് ആരതി. ചൈനയില്‍ നടന്ന ലോക റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. ദേശീയരാജ്യാന്തര മത്സരങ്ങളിലായി 130 മെഡലുകള്‍ താരം നേടിയിട്ടുണ്ട്.

Top