ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും ഒരു പ്രശ്‌നവുമില്ല: മാലിക്ക്

കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടനെയൊന്നും സമ്പൂര്‍ണമായി വിരമിക്കാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്റെ വെറ്ററന്‍ താരം ശുഐബ് മാലിക്ക്. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവ് കൂടിയായ മാലിക്ക്, ഉടന്‍ വിരമിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് മുന്‍പേ വിരമിച്ച മുപ്പത്തൊന്‍പതുകാരനായ മാലിക്ക്, ട്വന്റിയില്‍ മാത്രമാണ് ഇപ്പോഴും സജീവമായി നില്‍ക്കുന്നത്.

രാജ്യാന്തര വേദിയില്‍ ഇതുവരെ 116 ട്വന്റി20 മത്സരങ്ങള്‍ കളിച്ച മാലിക്ക് 2335 റണ്‍സും 28 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി20 ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും മാലിക്കിനു സ്വന്തം. ട്വന്റി20യിലാകെ 37.06 ശരാശരിയില്‍ 10,488 റണ്‍സാണ് മാലിക്കിന്റെ സമ്പാദ്യം. ക്രിസ് ഗെയ്ല്‍ (13,885), കയ്‌റണ്‍ പൊള്ളാര്‍ഡ് (10,710) എന്നിവര്‍ മാത്രമാണ് മാലിക്കിനു മുന്നിലുള്ളത്.

അതേസമയം, ഇപ്പോഴും ട്വന്റി20യില്‍ സജീവമാണെങ്കിലും കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ താരത്തെ പാക്കിസ്ഥാന്റെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിച്ചതെന്നു കരുതുന്നു.’വിരമിക്കലിനേക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ലു പോലുമില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ വിരമിക്കാന്‍ എനിക്കു പദ്ധതിയുമില്ല. ഇപ്പോഴും ഞാന്‍ പൂര്‍ണമായും ഫിറ്റാണ്. എനിക്ക് ബോള്‍ ചെയ്യാനും ബാറ്റു ചെയ്യാനും യാതൊരു കുഴപ്പവുമില്ല’ – മാലിക്ക് പറഞ്ഞു.

‘ഞാന്‍ ചില ട്വന്റി20 ലീഗുകളില്‍ രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത് അടുത്തിടെയാണ്. ലോകകപ്പ് കഴിഞ്ഞിട്ടാണെങ്കില്‍ക്കൂടി ഞാന്‍ വിരമിക്കുമെന്ന ഇപ്പോഴത്തെ അഭ്യൂഹങ്ങള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളത്?’ – മാലിക്ക് ചോദിച്ചു.
‘പ്രധാന ഏരിയകളില്‍ ഫീല്‍ഡ് ചെയ്യാന്‍ എനിക്കിപ്പോഴും കഴിയും. എനിക്ക് ഡബിള്‍ ഓടാനും എതിരാളികളുടെ ഡബിള്‍ ശ്രമം തടയാനും കഴിയും. ഉദ്ദേശിക്കുന്ന സ്ഥലത്തുതന്നെ ബോള്‍ ചെയ്യാന്‍ യാതൊരു പ്രശ്‌നവുമില്ല. ബാറ്റിങ്ങിലും പ്രശ്‌നമില്ല. കായികക്ഷമതയില്‍ ഇപ്പോഴും ഞാന്‍ മുന്‍പന്തിയിലാണ്’ – മാലിക്ക് പറഞ്ഞു.

 

Top