അഫ്രീദിക്ക് അതിവേഗ സെഞ്ചുറി നേടികൊടുത്ത ബാറ്റ് സമ്മാനിച്ചത് ക്രിക്കറ്റ് ഇതിഹാസം

Shahid-Afridi

കറാച്ചി: ഷാഹിദ് അഫ്രീദിക്ക് അതിവേഗ സെഞ്ചുറി നേടികൊടുത്ത ബാറ്റ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമ്മാനമാണെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ പാക് താരം അസ്ഹര്‍ മെഹമൂദ്. ദ് ഗ്രേറ്റ് ക്രിക്കറ്റ് റൈവല്‍റി പോഡ്കാസ്റ്റിലാണ് അസ്ഹര്‍ മെഹമൂദിന്റെ തുറന്നുപറച്ചില്‍. ശീലങ്കക്കായി സനത് ജയസൂര്യയും കലുവിതരണയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുക്കെട്ടിലൂടെ തരംഗമായ സമയമായിരുന്നു അത്.

ആദ്യ മത്സരത്തില്‍ അഫ്രീദിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനായി തയാറായി ഇരിക്കാന്‍ എന്നോടും അഫ്രീദിയോടും ക്യാപ്റ്റനായിരുന്ന വസീം അക്രം പറഞ്ഞു. അതിനനുസരിച്ച് ഞങ്ങള്‍ നെറ്റ്‌സില്‍ കഠിന പരിശീലനം നടത്തി. നെറ്റ്‌സില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തുകയായിരുന്നു അഫ്രീദി.

സ്പിന്നര്‍മാരായിരുന്നു അഫ്രീദിയുടെ കടന്നാക്രമണത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടത്. അതിനുശേഷം മത്സരദിവസം അഫ്രീദിയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ആ മത്സരത്തില്‍ അഫ്രീദി ഉപയോഗിച്ച ബാറ്റ് സഹതാരമായിരുന്ന വഖാര്‍ യൂനിസ് ആണ് അദ്ദേഹത്തിന് നല്‍കിയത്. വഖാറിന് ആ ബാറ്റ് സമ്മാനിച്ചതാകട്ടെ, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

സച്ചിന്റെ ബാറ്റെടുത്ത് 37 പന്തില്‍ സെഞ്ചുറി അടിച്ചശേഷമാണ് അഫ്രീദിയെ ഒരു ബാറ്റ്‌സ്മനായും ക്രിക്കറ്റ് ലോകം കാണാന്‍ തുടങ്ങിയത്. അതുവരെ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളര്‍ മാത്രമായിരുന്നു അഫ്രീദി. അതിനുശേഷം കരിയറില്‍ അഫ്രീദിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും അസ്ഹര്‍ മെഹമൂദ് പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പാണ് അഫ്രീദിയുടെ ഏറ്റവും മികച്ച ലോകകപ്പെന്നും അസ്ഹര്‍ മെഹമൂദ് വ്യക്തമാക്കി.

Top